IndusInd Bank
Flash News
കേരളാവാച്ച് എക്‌സ്‌ക്ലൂസിവ് - ബഹുമാനപ്പെട്ട ഇടുക്കി കളക്‌ടര്‍ - താങ്കള്‍ ആവശ്യപ്പെട്ട ലിത്തോമാപ്പുകള്‍ ഇതാ! !>>ധനമന്ത്രി ഗുസ്‌തിക്കാരനാകാതെ വസ്‌തുനിഷ്‌ഠമായി മറുപടി നല്‍കണം: ചെന്നിത്തല >> മദനിയുടെ അംഗരക്ഷകരെ ചോദ്യം ചെയ്യാന്‍ അനുവദിക്കും: ഡിജിപി >> സ്വാശ്രയ മാനേജുമെന്റ്: ഫീസിളവുകള്‍ എടുത്ത് കളഞ്ഞു >> ഒരു പോലീസുകാരനെ വധിച്ചുവെന്ന് മാവോയിസ്റ്റുകള്‍ >> തടിയന്റെവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസില്‍ താമസിച്ചെന്ന് പോലീസ് >> പാക്ക്‌ കളിക്കാരെ ഐ‌സി‌സി സസ്‌പെന്റ് ചെയ്‌തു >> സ്‌മാര്‍ട്ട് സിറ്റി: ടീകോമുമായുള്ള കരാര്‍ റദ്ദാക്കാന്‍ സാധ്യത >> ആഴ്‌ചയില്‍ ഒരു നറുക്കെടുപ്പ് മാത്രം: മേഘയുടെ ഹര്‍ജി ഹൈക്കോടതി തള്ളി >>!

ആണ്ടി പറയുന്നു ആണ്ടി നല്ല അടിക്കാരനാണെന്ന്!

Posted by varun - 20/11/09 at 10:11 pm

32അനന്തന്‍

സോണി എം. ഭട്ടതിരിപ്പാടിന്‍റെ തിരോധാനത്തെപ്പറ്റി കഴിഞ്ഞലക്കം കലാകൌമുദിയില്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന്‍റെ ശൈലിയും ഭാഷയും തീര്‍ത്തും മോശമായിപ്പോയെന്ന് പലഭാഗത്തു നിന്നു വിമര്‍ശനമുണ്ടായപ്പോഴും, സാരമില്ല, ഒരുനല്ല കാര്യത്തിനല്ലേ എന്നാശ്വസിച്ചു. പക്ഷെ, ഈ ലക്കം കലാകൌമുദി കണ്ടപ്പോള്‍ സത്യത്തില്‍ നാണിച്ചു തലതാഴ്ത്തിപ്പോയി. എഴുതുന്നവനും പ്രസിദ്ധീകരിക്കുന്നവര്‍ക്കും നാണമില്ലെങ്കിലും വായിക്കുന്നവര്‍ക്കെങ്കിലും അതുണ്ടാകണമല്ലോ.

വര്‍ഷങ്ങള്‍ക്കു മുമ്പ് കോട്ടയം വാരികകള്‍ പടിയടച്ചു പിണ്ഡം വച്ച വളിച്ച കണ്ണീര്‍ക്കഥകളുടെ ശൈലിയിലാണ് സോണിയുടെ തിരോധാനത്തെത്തുടര്‍ന്നുള്ള ‘കേരളത്തിന്‍റെ യഥാര്‍ഥ മനസ്സാക്ഷി’യുടെ പ്രതികരണം ആറു പേജുകളിലായി പി.എം. ബിനുകുമാര്‍ തന്നെ പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞലക്കം കലാകൌമുദി പുറത്തു വന്നപ്പോള്‍ മുതല്‍ തനിക്കുവന്ന ഫോണ്‍ കോളുകള്‍, എസ്.എം.എസുകളുടെ രത്നച്ചുരുക്കം എന്നിവയാണ് കണ്ണീരില്‍ ചാലിച്ച് പകര്‍ത്താന്‍ ബിനുകുമാര്‍ വൃഥാ ശ്രമിക്കുന്നത്. സോണിയെ കണ്ടെത്താനുള്ള ആത്മാര്‍ഥമായ ശ്രമത്തിലുപരി സോണിയെന്ന സഹജീവിയുടെ തിരോധാനത്തെ വിറ്റ് കാശാക്കാനുള്ള നികൃഷ്ടമായ ശ്രമമാണ് ഈ പ്രതികരണ ഫീച്ചറില്‍ കാണുന്നത്. ഒരുതരം ‘ഫയര്‍’ സംസ്കാരം

ലേഖനം തുടങ്ങുന്നതു നോക്കുക: ‘അലമുറയിടുന്ന മഴയിലേക്കു നോക്കിയിരുന്നപ്പോള്‍ എവിടെനിന്നോ ഒരുച്ചമയക്കം വന്ന് കണ്ണുകളെ പതിയെ തലോടി. കണ്ണടയ്ക്കാന്‍ പേടിയായിരുന്നു. കണ്ണടച്ചാല്‍ സോണി ഓടിയെത്തും. കണ്ണിലുള്ള ചതുരപ്പെട്ടിയില്‍ നിന്നും ഓടിയിറങ്ങുന്ന പുഞ്ചിരി. പറ്റിച്ചല്ലോ കള്ളാ എന്നു പറഞ്ഞ് കട്ടിമീശയ്ക്കു താഴെയിരുന്നു കളിയാക്കുന്ന ചുണ്ടുകള്‍….’

പെട്ടെന്നാണ് ബിനുകുമാറിന്‍റെ സെല്‍ഫോണ്‍ ചിലച്ചത്. ആദ്യ കോള്‍ ആര്‍ക്കിടെക്ട് ശങ്കറിന്‍റെ. കലാകൌമുദി ലേഖനം വായിച്ച് ഭാര്യ തന്നെ ഫോണില്‍ വിളിച്ചു കരഞ്ഞ കഥയായിരുന്നത്രെ ശങ്കര്‍ പറഞ്ഞത്. പിന്നാലെ വിളിച്ചത് സോണിയുടെ സഹപ്രവര്‍ത്തകയായിരുന്ന ശ്രീദേവി. ശ്രീദേവി വിതുമ്പിക്കരയുകയായിരുന്നു ബിനുകുമാറിനോട്. അങ്ങിനെ, തന്നെ  ഫോണില്‍ വിളിച്ച് സോണിയുടെ തിരോധാനത്തെച്ചൊല്ലി കരഞ്ഞവരെപ്പറ്റിയാണ് ലേഖനം നിറയെ. വടക്കുള്ള ചില സംസ്ഥാനങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ കൂലിക്കു വന്നിരുന്നു കരയുന്ന ഒരു വിഭാഗത്തെപ്പറ്റി കേട്ടിട്ടുണ്ട്. കലാകൌമുദി ലേഖനം വായിച്ച് അവരൊക്കെ അത്തരമൊരു ദൌത്യനിര്‍വ്വഹണമാണു നടത്തിയതെന്നേ ഈ പ്രതികരണ സമാഹാരം വായിച്ചാല്‍ തോന്നൂ.

വര്‍ഷമൊന്നു കഴിയുന്നു സോണിയെന്ന ജേര്‍ണലിസ്റ്റിനെ  കാണാതായിട്ട്. സോണിയുടെ തിരോധാനം അറിയാന്‍ വൈകിയവരുടെ കാര്യം പോട്ടെ, ചില സഹപ്രവര്‍ത്തകര്‍പോലും കലാകൌമുദിയിലെ ലേഖനം വായിച്ചപ്പോഴാണ് കരയുകയും സങ്കടപ്പെടുകയുമൊക്കെ ചെയ്തതെന്ന് ഫീച്ചറെഴുതിയ ബിനുകുമാര്‍ തന്നെ വലിയവായില്‍ വിളിച്ചുകൂവിയാല്‍ എന്തു ചെയ്യും? അതും പോട്ടെ. കലാകൌമുദി ചെയ്ത പുണ്യപ്രവര്‍ത്തിയെപ്പറ്റിയുമുണ്ട് പുകഴ്ത്തലുകള്‍ ആവോളം. സതീഷ്ബാബു പയ്യന്നൂര്‍ വിളിച്ച് പറഞ്ഞതായി ബിനുകുമാര്‍ രേഖപ്പെടുത്തുന്നതിങ്ങിനെയാണ്: ‘സതീഷ്ബാബു സംസാരിച്ചു തുടങ്ങിയത് കള്ളിക്കാട് രാമചന്ദ്രനെക്കുറിച്ചാണ്. അകാലത്തില്‍ പൊലിഞ്ഞ കള്ളിക്കാട്, ഇതുപോലെ മനുഷ്യത്വമുള്ള നിരവധി ഫീച്ചറുകള്‍ എഴുതിയിട്ടുണ്ടെന്നു പറഞ്ഞു. അന്നൊക്കെ ജീവിതം വിഷയമായി മാറിയിരുന്നു. ഇന്ന് ഫീച്ചറില്‍പോലും ജീവിതമില്ല. കലാകൌമുദി വായിക്കാനിടയായാല്‍ സോണി മടങ്ങിവരും തീര്‍ച്ച.’

ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി പറയില്ല, പകരം കൂട്ടുകാരന്‍ അങ്ങിനെ പറഞ്ഞെന്ന് ആണ്ടിയും കൂട്ടരുംകൂടി വിളിച്ചു പറയുന്നു. ‘സോണീ കേരളം നിന്നെക്കാത്തിരിക്കുന്നു, എത്രയും വേഗം തിരിച്ചുവരിക’യെന്നും പറഞ്ഞ് കലാകൌമുദി വാരികയുടെ ഒരു കോപ്പി സോണിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നുകൂടി എഴുതാതിരുന്നത് ഭാഗ്യം.
ഫീച്ചറിന്‍റെ മറ്റൊരു ഭാഗം കാണുക. ‘കഴിഞ്ഞ തിങ്കളാഴ്ച തന്നെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ കലാകൌമുദി വായിച്ചിരുന്നു. പ്രസ് സെക്രട്ടറിയും എഴുത്തുകാരനുമായ ബി.അബുരാജ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമ്പോള്‍, ഇതിനകം തന്നെ താന്‍ കണ്ണൂര്‍ റേഞ്ച് ഐ.ജി ടോമിന്‍ ജെ. തച്ചങ്കരിയുമായി സംസാരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ….. …. …. സോണിയെ കണ്ടെത്തുന്നതിനു നടത്തുന്ന ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരനായ മാധ്യമപ്രവര്‍ത്തകനെ കണ്ടെത്തുന്നത് തനിക്ക് ആഹ്ളാദകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.’ സോണി തിരിച്ചുവന്നാല്‍ അതിന്‍റെ ക്രെഡിറ്റ് മറ്റാരും കൊണ്ടുപോകരുതല്ലോ.

ബിനുകുമാറിനെ തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ വിട്ട് പത്രപ്രവര്‍ത്തനത്തില്‍ ഒന്നുകൂടി പരിശീലനം നല്‍കുന്നതു നന്നായിരിക്കുമെന്നാണ് ഈ ഫീച്ചര്‍ പരമ്പര വായിച്ച് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്.

പത്രപ്രവര്‍ത്തനം എത്രമാത്രം തരംതാഴാമെന്നതിന്‍റെ ഉദാഹരണമാണ് ബിനുകുമാറിന്‍റെ ഈ ലേഖനമെന്നു പറയാതെ വയ്യ. ബിനുകുമാറിനെ തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ വിട്ട് പത്രപ്രവര്‍ത്തനത്തില്‍ ഒന്നുകൂടി പരിശീലനം നല്‍കുന്നതു നന്നായിരിക്കുമെന്നാണ് ഈ ഫീച്ചര്‍ പരമ്പര വായിച്ച് ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്.
ഇന്ത്യാവിഷനു നേരേ കഴിഞ്ഞ ലേഖനത്തില്‍ നടത്തിയ ആക്രമണത്തിന് പ്രോഗ്രാം കണ്‍സള്‍ട്ടന്‍റ് എ.സഹദേവന്‍ നല്‍കിയ മറുപടിയും കലാകൌമുദി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യാവിഷന്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച സമീപനങ്ങളും നടപടികളും വളരെ വ്യക്തമായിത്തന്നെ അതില്‍ പറയുന്നു. എന്നിട്ടും അതിനിടയില്‍ തിരുകിക്കയറി അലമ്പുണ്ടാക്കാന്‍ ബിനുകുമാര്‍ ശ്രമിക്കുന്നതുകാണാം.

വിമര്‍ശനം പ്രസിദ്ധീകരിക്കും മുമ്പ് നികേഷിനെയോ മുനീറിനെയോ വിളിച്ച് അന്വേഷിക്കാതിരുന്നത് ശരിയായില്ലെന്നു സഹദേവന്‍ പറയുമ്പോഴാണ്  ബ്രാക്കറ്റില്‍ ബിനുകുമാറിന്‍റെ വിശദീകരണം വരുന്നത്. ‘കലാകൌമുദി ഈ ഉത്തരവാദിത്വം നിറവേറ്റി. പത്രപ്രവര്‍ത്തകന്‍ മൊബൈല്‍ അറ്റന്‍റെു  ചെയ്യാതിരിക്കുന്നതും തിരിച്ചു വിളിക്കാതിരിക്കുന്നതും കലാകൌമുദിയുടെ കുറ്റമല്ല’ എന്നാണ് ബിനുകുമാറിന്‍റെ വിശദീകരണം. വരുന്ന കോളുകളെല്ലാം അറ്റന്‍റു ചെ‍യ്യാന്‍ ബാധ്യസ്ഥനായ വെറും ഫീച്ചറെഴുത്തുകാരനല്ല നികേഷെന്ന് ബിനുകുമാറിനറിയില്ലെന്നതാണു കഷ്ടം. തിരക്കുകള്‍ മൂലം ഇവര്‍ ഫോണെടുക്കാറില്ലെന്നും സോണിയുടെ കഥതേടി കാസര്‍കോട് വരെപ്പോയ ലേഖകന്‍ കൊച്ചിയിലിറങ്ങി വിവരം തിരക്കാമായിരുന്നില്ലേ എന്നുമുള്ള സഹദേവന്‍റെ ചോദ്യത്തോട് ബിനുകുമാര്‍ നിശ്ശബ്ദനാകുന്നു. പ്രധാനപ്പെട്ട ഒരു കാര്യം ചോദിച്ചറിയാന്‍ വിളിക്കുന്നയാള്‍ ഫോണെടുത്തില്ലെങ്കില്‍ ഒരു എസ്.എം.എസ്. അയച്ച് അദ്ദേഹത്തെക്കൊണ്ട് തിരിച്ചുവിളിപ്പിക്കാവുന്നതേയുള്ളുവെന്ന കാര്യം കലാകൌമുദിയിലേയോ കേരളകൌമുദിയിലേയോ സഹപ്രവര്‍ത്തകരെങ്കിലും ഇനി ബിനുവിന് പറഞ്ഞുകൊടുക്കുമെന്നു കരുതാം.

17തിരഞ്ഞെടുപ്പ് വിശകലനങ്ങള്‍ വീണ്ടും

മൂന്ന് മണ്ഡലങ്ങളിലെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പുപരാജയത്തെപ്പറ്റിയുള്ള കലാകൌമുദിയിലെ വിശകലനവും പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നു പറയാതെ വയ്യ. കണ്ണൂരിനെപ്പറ്റിയുള്ളത് തട്ടിമുട്ടിക്കടന്നുപോയപ്പോള്‍ മറ്റു രണ്ടു മണ്ഡലങ്ങളിലേത് എങ്ങും തൊടാതുള്ള എഴുത്തായി മാറി.

ഉപതിരഞ്ഞെടുപ്പിനെ തന്‍റെ പതിവ് ആക്ഷേപഹാസ്യശൈലിയില്‍ വിശകലനം ചെയ്യുന്ന കെ.രാജേശ്വരിയുടെ ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിലുണ്ട്. കഴിഞ്ഞകാല തിരഞ്ഞെടുപ്പു ചരിത്രം നിരത്തിയും മറ്റുമുള്ള ഈ അവലോകനത്തിലും കാര്യമായ കാമ്പൊന്നുമില്ല. കേരളത്തിലെ ജനത്തിന് ഇടതുസര്‍ക്കാരിനെ മടുത്തുവെന്ന ഒരു യു.ഡി.എഫ്. ശൈലിയിലുള്ള വിലയിരുത്തല്‍ മാത്രമാണ് രാജേശ്വരി നടത്തിയിരിക്കുന്നത്. അതേസമയം ഇതേ ലക്കത്തില്‍ വിജു വി.നായര്‍ നടത്തിയ നിരീക്ഷണങ്ങള്‍ കുറേയൊക്കെ പ്രസക്തവുമാണ്. ‘രാഷ്ട്രീയവിരുദ്ധമായ പ്രതിലോമ അഭ്യാസങ്ങളായി’ തിരഞ്ഞെടുപ്പു മാറുന്നതിനെ ഉപതിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ വിലയിരുത്തുകയാണ് വിജു വി.നായര്‍ ചെയ്യുന്നത്. പക്ഷെ, ഈ ലേഖനം രാജേശ്വരിയുടെ ലേഖനത്തോളം പാരായണ ക്ഷമമല്ലെന്നുമാത്രം.

ഇടതുപക്ഷത്തിന്‍റെ പ്രതിസന്ധിയെപ്പറ്റി ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ വന്ന പ്രഭാത് പട്നായിക്കിന്‍റെ ലേഖനം ജനശക്തി വിവര്‍ത്തനം ചെയ്തിരിക്കുന്നു. രണ്ടു ലക്കങ്ങളിലായാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. ഇടതുപക്ഷ ബുദ്ധീജിവകളില്‍ അഗ്രഗണ്യനായ പ്രഭാതിന്‍റെ ലേഖനം ആ നിലയ്ക്ക് ശ്രദ്ധേയമാണെന്നു പറയാം.
അതേസമയം വളരെ പ്രസക്തമായ മറ്റൊരു നിര്‍ദ്ദേശം ജനശക്തിയിലുള്ളത് ‘കണ്ണൂര്‍ ഗാങ് സി.പി.എമ്മിലെ മുറിച്ചുമാറ്റേണ്ട അര്‍ബുമാണ്’ എന്നതാണ്.

41“ജനങ്ങള്‍ക്ക് ധീരമായും സ്വതന്ത്രമായും നിലപാടെടുക്കാന്‍ പോളിംഗ് ബൂത്തിലേ കഴിയൂ എന്ന അവസ്ഥയുള്ളതിനാല്‍ എല്ലാ തിരഞ്ഞെടുപ്പുകളിലും കണ്ണൂര്‍ ഗാങ് ഏറെക്കാലത്തേക്ക് തോറ്റുകൊണ്ടിരിക്കും. സി.പി.എമ്മിനെ ബാധിച്ച ഈ അര്‍ബുദം മുറിച്ചു മാറ്റുന്നില്ലെങ്കില്‍ ആ പാര്‍ട്ടി ചത്രിത്രത്തിലേക്കു പിന്‍വാങ്ങുന്ന ചുറ്റുപാടാണ് കേരളത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ ഗാങ്ങിനേക്കാള്‍ ശക്തന്‍മാരായവര്‍ വിലസി നടന്ന പശ്ചിമബംഗാളില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ കേരളത്തിന് നല്ലൊരു മുന്നറിയിപ്പാണ്.” കെ.എസ്. ഹരിഹരന്‍റെ പ്രധാന ലേഖനത്തില്‍ പറയുന്നു.

ഇതോടൊപ്പം കണ്ണൂരില്‍ പാര്‍ട്ടിയില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളെപ്പറ്റിയും പാര്‍ട്ടിയിലെ ജീര്‍ണതകളെപ്പറ്റിയും വേറെയും ലേഖനങ്ങളുണ്ട്. ശിശുദിനത്തില്‍ കുട്ടികളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയതും സി.എന്‍.എന്‍/ഐ.ബി.എന്‍. സംപ്രേഷണം ചെയ്തതുമായ അഭിമുഖത്തിന്‍റെ മലയാള പരിഭാഷയും ജനശക്തിയെ ശ്രദ്ധേയമാക്കുന്നു.

ശബരിമലയിലെ തട്ടിപ്പ്

ബിനുകുമാറിന്‍റെ കണ്ണീരഭ്യാസം മാറ്റിനിര്‍ത്തിയാല്‍ പ്രസക്തവും ശക്തവുമായ ചില ലേഖനങ്ങള്‍ ഈ ലക്കം കലാകൌമുദിയെ സമ്പന്നമാക്കുന്നുണ്ട്. ശബരിമലയില്‍ നടക്കുന്ന കോടികളുടെ കൊള്ളയെപ്പറ്റിയുള്ള കെ.ബാലചന്ദ്രന്‍റെ ലേഖനമാണ് അതിലൊന്ന്. ടാറ്റയും റിലയന്‍സും ചേര്‍ന്ന് ശബരിമലയില്‍ സൌജന്യഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതിന് അനുമതി കൊടുക്കാതിരുന്നതിനെപ്പറ്റി ലേഖനത്തില്‍ പറയുന്നുണ്ട്. 2000 പേര്‍ക്ക് അന്നദാനം നടത്തി 6000 പേരുടെ ചെലവ് എഴുതിയെടുക്കാനുള്ള ഉദ്യോഗസ്ഥ തന്ത്രത്തിന്‍റെ ഭാഗമായിരുന്നു ഇതെന്ന് ബാലചന്ദ്രന്‍ പറയുന്നു. അങ്ങിനെ ശബരിമലയിലെ ഓരോ കാര്യങ്ങള്‍ക്കു പിന്നിലും ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥകളെപ്പറ്റിയാണ് ഈ റിപ്പോര്‍ട്ട് പറയുന്നത്.

സഭ ടെലിവിഷനെതിരേ…

കെ.സി.ബി.സി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എഴുതിയ ‘ചാനലുകള്‍ വീട് ചന്തയാക്കുന്നു’ എന്ന ലേഖനവും കലാകൌമുദിയിലുണ്ട്. സീരിയലുകളെയും പരസ്യങ്ങളെയും ശക്തിയുക്തം വിമര്‍ശിച്ചു മുന്നേറുന്ന ലേഖനത്തില്‍ വാര്‍ത്താവതരണത്തേയും വിമര്‍ശിക്കുന്നുണ്ട്. ‘വാര്‍ത്തയോടു ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ വിഭിന്ന നിലപാടുകള്‍ അവതരിപ്പിച്ച് സത്യം കണ്ടെത്താനുള്ള മാര്‍ഗമാക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായും കാണുന്നില്ല. ചര്‍ച്ച ഒരു വിചാരണയാകുന്ന അനുഭവവും കുറവല്ല’ മാര്‍ ആനിക്കുഴിക്കാട്ടില്‍ പറയുന്നു.

22കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ടി.വി ആസക്തിക്കു വിധേയമാകുന്നതിനെപ്പറ്റിയും അതിന്‍റെ ദുരന്തങ്ങളെപ്പറ്റിയും കാര്യമാത്രപ്രസക്തമായി വിവരിക്കുന്ന ലേഖനത്തിന്‍റെ മറ്റൊരു ഭാഗത്ത് പറയുന്നത് ടി.വിയില്ലാത്ത ദിനം, ആഴ്ച, മാസം എന്നിങ്ങനെ ഒരു ശിക്ഷണം ആവശ്യമാണെന്നാണ്. ഒരിടയലേഖനത്തിന്‍റെ  സ്വഭാവത്തോടെയുള്ള അവസാന പാരഗ്രാഫ് ഒഴിവാക്കിയിരുന്നെങ്കില്‍ ലേഖനം കുറേക്കൂടി ശക്തിയുറ്റതാകുമായിരുന്നു.

ചലച്ചിത്ര സംവിധായകന്‍ ഹരിഹരനുമായുള്ള അഭിമുഖമാണ് ഈ ലക്കം മാതൃഭൂമിയില്‍ മികച്ചതെന്നു പറയാനുള്ളത്. ഇതുവരെയുള്ള തന്‍റെ ചലച്ചിത്രജീവിതത്തെപ്പറ്റിയും പഴശ്ശിരാജയുടെ പിന്നിലെ അധ്വാനത്തെപ്പറ്റിയുമെല്ലാം ഈ അഭിമുഖത്തില്‍ ഹരിഹരന്‍ വാചാലനാകുന്നുണ്ട്.

6251മാവോയിസമാണ് മാതൃഭൂമിയുടെ മുഖലേഖനം. കെ.വേണുവും എന്‍.എം പിയേഴ്സണും നിരത്തുന്ന മാവോയിസ്റ്റ് നിരീക്ഷണങ്ങള്‍ പക്ഷെ, ഇക്കാര്യത്തില്‍ അതീവ താല്‍പര്യമുള്ളവര്‍ക്കു മാത്രം വായിക്കാനുള്ളതാണ്. മാവോ വിചാരണയെന്നാണ് മാതൃഭൂമി ഈ ലേഖനങ്ങള്‍ക്കു നല്‍കിയിട്ടുള്ള വിശേഷണം.

മലയാളം വാരികയുടെ പുതിയ ലക്കത്തിലും മാവോയിസം കടന്നുവരുന്നുണ്ട്. രണ്ടു ലേഖനങ്ങളില്‍. അതുപക്ഷെ, മാവോയിസ്റ്റുകള്‍ക്കു നേരേയുള്ള സൈനികനടപടികളുടെ പശ്ചാത്തലത്തിലാണ്. ഡി.എച്ച്.ആര്‍.എമ്മിന്‍റെ മറവില്‍ വര്‍ക്കലയിലെ ദളിത് കോളനികളില്‍ പൊലീസ് നടത്തുന്ന അതിക്രമങ്ങളെപ്പറ്റി ബി.ആര്‍.പി. ഭാസ്കറിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് മലയാളത്തിന്‍റെ മുഖലേഖനം.

സ്വാമി കാശികാനന്ദഗിരി

ആധ്യാത്മികതയ്ക്ക് പ്രാധാന്യം കൊടുത്ത് സ്കൂള്‍ ഓഫ് ഭഗവത് ഗീത പുറത്തിറക്കുന്ന ‘പിറവി’ മാസികയുടെ കവര്‍സ്റ്റോറി മൂന്നാം ശങ്കരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വാമി കാശികാനന്ദഗിരിയെപ്പറ്റിയാണ്. സംസ്കൃതഗവേഷണ വിദ്യാര്‍ഥിയായ സംവിദാനന്ദ്  സ്വാമി കാശികാനന്ദഗിരിയെക്കുറിച്ച് എഴുതിയ ലേഖനമാണ് പിറവിയിലുള്ളത്. അദ്ദേഹവുമായി സംവിദാനന്ദ് തന്നെ നടത്തിയ അഭിമുഖ സംഭാഷണം മലയാളം വാരികയിലും ചേര്‍ത്തിരിക്കുന്നു.

ആധ്യാത്മികതയാണ് മുഖ്യ വിഷയമെങ്കിലും ശ്രദ്ധേയമായ ഒരു പിടി ലേഖനങ്ങള്‍ പിറവിലുണ്ട്. എ.ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബ് എഴുതുന്ന ‘വ്യത്യസ്തരാകാന്‍’ എന്ന പംക്തിയാണ് ഇതില്‍ പ്രധാനം. വ്യക്തിവികാസത്തിലും പെരുമാറ്റരീതികളുടെ രൂപീകരണത്തിനുമുതകുന്ന അനവധി കാര്യങ്ങള്‍ അദ്ദേഹം തന്റെ പംക്തിയിലൂടെ വായനക്കാര്‍ക്കു പകര്‍ന്നു നല്‍കുന്നു. ഒപ്പം പത്രപ്രവര്‍ത്തകനായ ജ്യോതിര്‍ഘോഷിന്‍റെ ‘വര്‍ത്തമാനം’ എന്ന പംക്തിയും ശ്രദ്ധേയമാണ്.

7181കാവ്യ തിരിച്ചുവരുന്നു

“അറിവും പക്വതയുമുണ്ടാകാന്‍ കോളജില്‍ പോയി ഡിഗ്രി എടുക്കണമെന്നില്ല. അനുഭവങ്ങളാണ് ഏറ്റവും വലിയ അറിവ്. ജീവിതം ഞാന്‍ കരുതുന്നതുപോലെയൊന്നുമല്ല എന്ന് എന്നെ ബോധ്യപ്പെടുത്താന്‍ ദൈവം തന്നതാവും ഇതെല്ലാം…” മലയാളിയുടെ പ്രിയപ്പെട്ട കാവ്യ മാധവന്‍റേതാണ് ഈ വാക്കുകള്‍. ഈ ലക്കം വനിതയിലാണ് കാവ്യയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവാഹാനന്തരമുണ്ടായ പ്രശ്നങ്ങളെ അതിജീവിച്ച് കേരളത്തില്‍ തിരിച്ചെത്തി സിനിമയില്‍ വീണ്ടും സജീവമാകാന്‍ പോകുന്ന കാവ്യയുമായുള്ള ശ്രദ്ധേയമായ അഭിമുഖമാണിത്.

സാധാരണ, തിരഞ്ഞെടുപ്പുപോലുള്ള അവസരങ്ങളില്‍ കാണാറുള്ളതാണ് തീവണ്ടിയാത്രകളുടെയും മറ്റും വിവരണം. കേരളത്തിലെ പ്രധാന പകല്‍വണ്ടികളിലൊന്നായ പരശുറാം എക്സ്പ്രസ്സില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെയുള്ള യാത്രയില്‍ കണ്ടുമുട്ടിയ ചില കാഴ്ചകളും വിശേഷങ്ങളുമാണ് വനിതയിലെ മറ്റൊരു പ്രധാന ഇനം. കേവലം ആറു വര്‍ഷം മാത്രം സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും മരണശേഷം മൂന്നു പതിറ്റാണ്ടു തികഞ്ഞിട്ടും ഇന്നും പ്രഭാവത്തോടെ വിലസുകയും ചെയ്യുന്ന ജയന്‍ എന്ന അതുല്യ നടനെപ്പറ്റിയുള്ള ഫീച്ചറും വനിതയിലുണ്ട്.

പ്രസിദ്ധീകരണം തുടങ്ങി കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയമായി മാറിയ സ്മാര്‍ട്ട് ഫാമിലി മാസിക പുതിയ രൂപസംവിധാനവുമായിട്ടാണ് ഈ മാസം പുറത്തിറങ്ങിയിരിക്കുന്നത്. വീട്ടില്‍ തനിച്ചാകുന്ന കുട്ടികളെപ്പറ്റിയുള്ള പേരന്റിംഗ് ഫീച്ചര്‍ സ്മാര്‍ട്ട് ഫാമിലിയുടെ പുതിയ ലക്കത്തെ പ്രസക്തമാക്കുന്നു. ബാല്യം പിന്നിടുന്ന കുട്ടികളുള്ള ഏതൊരു മാതാപിതാക്കളും ശ്രദ്ധാപൂര്‍വ്വം വായിച്ചിരിക്കേണ്ടതാണ് ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍.

നെഹ്രു ട്രോഫി കൊല്ലം ജീസസ് ബോട്ട് ക്ളബ്ബിലെത്തിക്കാന്‍ അമരക്കാരനായിരുന്ന ജിജി ജേക്കബുമായുള്ള അഭിമുഖവും വ്യത്യസ്ത പുലര്‍ത്തുന്നു. അധികമാരും ശ്രദ്ധിക്കാത്ത വള്ളംകളിക്കാരെ മുഖ്യധാരയിലെത്തിക്കാന്‍ ഇതു തുടക്കമാകുമെന്നു കരുതാം. ഫുട്ബോള്‍ താരം പാപ്പച്ചന്‍റെ മറ്റ് രണ്ടു മുഖങ്ങള്‍കൂടി - അഭിനേതാവ്, ചെണ്ടക്കാരന്‍- വിശദമാക്കുന്ന അഭിമുഖവും ശ്രദ്ധേയമായിട്ടുണ്ട്.

6 Responses to “ആണ്ടി പറയുന്നു ആണ്ടി നല്ല അടിക്കാരനാണെന്ന്!”

  1. saneesh says:
    November 21st, 2009 at 11:11 am

    krithyamaya avalokanam. kanishamaya nirekhanam. kollaamm.

  2. anu says:
    November 21st, 2009 at 11:14 am

    ‘അലമുറയിടുന്ന മഴയിലേക്കു നോക്കിയിരുന്നപ്പോള്‍ എവിടെനിന്നോ ഒരുച്ചമയക്കം വന്ന് കണ്ണുകളെ പതിയെ തലോടി. കണ്ണടയ്ക്കാന്‍ പേടിയായിരുന്നു. കണ്ണടച്ചാല്‍ സോണി ഓടിയെത്തും. കണ്ണിലുള്ള ചതുരപ്പെട്ടിയില്‍ നിന്നും ഓടിയിറങ്ങുന്ന പുഞ്ചിരി. പറ്റിച്ചല്ലോ കള്ളാ എന്നു പറഞ്ഞ് കട്ടിമീശയ്ക്കു താഴെയിരുന്നു കളിയാക്കുന്ന ചുണ്ടുകള്‍….’

    ETHENDU BHASHA… SAGAVE KARAYIPPIKKAN SHRAMICHATHANOOO…?

    ആണ്ടി നല്ല അടിക്കാരനാണെന്ന് ആണ്ടി പറയില്ല, പകരം കൂട്ടുകാരന്‍ അങ്ങിനെ പറഞ്ഞെന്ന് ആണ്ടിയും കൂട്ടരുംകൂടി വിളിച്ചു പറയുന്നു. ‘സോണീ കേരളം നിന്നെക്കാത്തിരിക്കുന്നു, എത്രയും വേഗം തിരിച്ചുവരിക’യെന്നും പറഞ്ഞ് കലാകൌമുദി വാരികയുടെ ഒരു കോപ്പി സോണിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നുകൂടി എഴുതാതിരുന്നത് ഭാഗ്യം.

    HA HA HA KIDILAM !

  3. Kumar Prasad says:
    November 21st, 2009 at 9:18 pm

    Ithu vare vanna maasika niroopanangalil kidialan. gambheeran. Ananathan thakarthu. Curernt affairs ee lakkam irangathirunnathum bhagyamayi ennu karuthunnu.

  4. പവിത്രന്‍ വടകര says:
    November 21st, 2009 at 10:26 pm

    ലെഫ് സ്റ്റെല്‍ മാസികകളില്‍ വരുന്ന ഫീച്ചറുകളെ കുറേ കൂടി നന്നായി അവലോകനം ചെയ്യുന്നത് നന്നവും എന്ന് തോനുന്നു. രാഷ്ടീയ ലേഖനങ്ങളുടെ അവലോകനം മികച്ചതാണ്. നേരത്തേ മറ്റെവിടെയും ഇത്തരമൊന്ന് വായിച്ചതായി ഓര്‍ക്കുന്നില്ല.
    പിന്നെ സിപിഎം വിമതന്‍ മാരുടെ മാസികയായ ജനശക്തി മാസിക അവലോകനം ചെയ്യുന്ന സ്ഥിതിക്ക് ദേശാഭിമാനി വാരിക കൂടെ ഉള്‍പ്പെടുത്തണം.

  5. sajith says:
    November 21st, 2009 at 10:29 pm

    ഇടതുപക്ഷത്തിന്‍റെ പ്രതിസന്ധിയെപ്പറ്റി ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ വന്ന പ്രഭാത് പട്നായിക്കിന്‍റെ ലേഖനം ജനശക്തി വിവര്‍ത്തനം ചെയ്തിരിക്കുന്നു. രണ്ടു ലക്കങ്ങളിലായാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. ഇടതുപക്ഷ ബുദ്ധീജിവകളില്‍ അഗ്രഗണ്യനായ പ്രഭാതിന്‍റെ ലേഖനം ആ നിലയ്ക്ക് ശ്രദ്ധേയമാണെന്നു പറയാം.

    pinne eethu nilaykka mosham mashe?

  6. shaji kr says:
    November 21st, 2009 at 10:32 pm

    AANUKALIKAM NANNAVUNNUDU.

Post Your Comment