IndusInd Bank
Flash News
ചെന്നിത്തല മന്ത്രിസഭയിലേക്ക് എന്ന് സൂചന ; കാര്‍ത്തികേയന്‍ കെ.പി.സി.സി അധ്യക്ഷനായേക്കും.>>പിള്ളയ്ക്ക് ക്യാബിനറ്റ് റാങ്കോടെ ചെയര്‍മാന്‍ സ്ഥാനം നല്‍കാന്‍ നീക്കം.>>ഐ.പി.എല്‍ ഒത്തുകളി : ശ്രീശാന്ത് ഉള്‍പ്പടെ മൂന്ന് കളിക്കാര്‍ അറസ്റ്റില്‍.>>

എന്‍.സി.പി. സമ്മേളന വിനോദയാത്ര.

Posted by admin - 15/07/10 at 04:07 am

കെ.എ.ഷാജി

ncp2 അവിസ്മരണീയമായ ഒരു തീവണ്ടി യാത്ര ആയിരുന്നു അത്. മംഗളാ എക്സ്പ്രസ്സില്‍ മൂന്ന് ദിവസം നീളുന്ന ഡല്‍ഹിയാത്രയ്ക്ക് കോഴിക്കോട് നിന്ന് കയറുമ്പോള്‍ മനസ്സില്‍ നിറയെ വിമ്മിഷ്ടമായിരുന്നു. തലസ്ഥാന നഗരം വേനല്‍ ചൂടില്‍ ചുട്ടുപൊള്ളുകയാണ്. കത്തുന്ന മഹാനഗരത്തില്‍ നിന്ന് പത്തു ദിവസം മാറി വന്നു നിന്നാല്‍ അത്രയെങ്കിലും ആശ്വാസമാകുമല്ലോ എന്ന് വിചാരിച്ചാണ് കേരളത്തില്‍ വന്ന് ചെയ്യാവുന്ന ഏതാനും വാര്‍ത്താ ഫീച്ചറുകളുടെ ആശയം അന്ന് ജോലി ചെയ്തിരുന്ന വാരികയുടെ പത്രാധിപര്‍ക്ക് മുന്നില്‍ വച്ചത്. അദ്ദേഹം ഉടനടി അതംഗീകരിച്ചു. അങ്ങനെ കമ്പനി ചെലവില്‍ പത്ത് ദിവസം നാട്ടില്‍ നിന്ന് ജോലിയും വിശ്രമവുമാസ്വദിച്ച് മടങ്ങുമ്പോള്‍ മനസ്സ് പിറകോട്ട് പിടിച്ചു വലിക്കയായിരുന്നു.

ശീതീകരിച്ച കമ്പാര്‍ട്ട്മെന്റില്‍ മലയാളി യാത്രക്കാരും എന്തുകൊണ്ടോ നന്നേ കുറവായിരുന്നു. ബോറഡിയില്‍ നിന്ന രക്ഷനേടാന്‍ ദിവാസ്വപ്നങ്ങളിലേക്കൂളിയിടുന്നതിനിടയിലാണ് പഴയൊരു സുഹൃത്ത് അടുത്തെത്തിയത്. കോഴിക്കോട് നഗരത്തിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. താന്‍ കുടുംബവുമൊത്ത് ഡെറാഡൂണിലേക്ക് പോവുകയാണെന്നും തൊട്ടു ചേര്‍ന്നുള്ള സ്ളീപ്പര്‍ കോച്ചിലാണ് ബര്‍ത്തുള്ളതെന്നും എ.സി. കോച്ചില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. നീണ്ട കാലത്തെ കുടുംബ സുഹൃത്തിനെ കണ്ടപ്പോള്‍ ഏറെ സന്തോഷമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ അദ്ദേഹത്തിന്റെ ഭാര്യയേയും മൂന്നാം ക്ളാസ്സില്‍ പഠിക്കുന്ന കുട്ടിയേയും കണ്ട് അഭിവാദ്യമര്‍പ്പിക്കാന്‍ സ്ളീപ്പര്‍ കോച്ചില്‍ കടന്നുതും അവിടെ എനിക്ക് പരിചിതരായ കുറേയേറെ കോഴിക്കോട്കാര്‍ ഒരുമിച്ച് ചേര്‍ന്ന് അഭിവാദനം മുഴക്കിയതും ഒരുമിച്ചായിരുന്നു.
” നിങ്ങളെല്ലാമെങ്ങോട്ടാ…….?
ഡെറാഡൂണിലേക്ക്……….”
ഉത്തരം കോറസായി മുഴങ്ങി. ഒരു തീവണ്ടിയില്‍ കാണുന്നവരെല്ലാം ഡെറാഡൂണിലേക്കോ ? ആളുകള്‍ക്ക് പോകാന്‍ വേറെ സ്ഥലമൊന്നുമില്ലേ…….

എന്റെ മുഖത്തെ അമ്പരപ്പ് വായിച്ചെടുത്ത് സര്‍ക്കാര്‍ ജീവനക്കാരനായ സുഹൃത്ത് വിശദീകരിച്ചു : “കയ്യീന്ന് ചെലവില്ലാതെ ഒരു ടൂറൊത്തുകിട്ടി. ഡെറാഡൂണിലേക്ക് അതാ ഞങ്ങളെല്ലാവരും കൂടി……കയ്യില്‍ നിന്ന് കാശു മുടക്കാതെയോ ? അതേടാ…….., ശരത് പവാറിന് മഹാരാഷ്ട്രയില്‍ നിരവധി പഞ്ചസാര ഫാക്ടറികളുണ്ടല്ലോ… അവയെല്ലാം നല്ല ലാഭത്തിലാ… അതുകൊണ്ട് ഞങ്ങളെയെല്ലാം ഒന്ന് ഡെറാഡൂണ്‍ കാണിക്കാമെന്ന് വച്ചു”.

” ശരത് പവാറെന്തിനാ നിങ്ങങ്ങളെ ഡെറാഡൂണ്‍ കാണിക്കുന്നെ …… ? എന്റെ അമ്പരപ്പിന് അതിരുണ്ടായിരുന്നില്ല.

“എന്‍.സി.പി.യുടെ അഖിലേന്ത്യാ സമ്മേളനമാണ് ഡെറാഡൂണില്‍, ഞങ്ങളൊക്കെ കേരളത്തില്‍ നിന്നുമുള്ള പ്രതിനിധികളാ…… ഡെറാഡൂണ്‍ മാത്രമല്ല, മസൂറിയും പോണവഴിയില്‍ ഡല്‍ഹിയും കാണിച്ചു തരാമെന്ന് പാര്‍ട്ടി‍ക്കാര്‍ പറഞ്ഞിട്ടുണ്ട്.”
“അതിന് നിങ്ങളെന്നാ എന്‍.സി.പി. ആയത്…..? ” ഞാന്‍ തലയില്‍ കൈ വച്ചുപോയി. തീവ്ര ഇടതുപക്ഷ വാദികള്‍ മുതല്‍ കടുത്ത അരാഷ്ട്രീയ വാദികള്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ അവരാരും എന്‍.സി.പി. മെമ്പര്‍മാരായിരുന്നില്ല.

“അതൊന്നും ചോദിക്കരുത്. അഖിലേന്ത്യാ സമ്മേളനത്തിന് എന്‍.സി.പി. നാലഞ്ച് ബോഗികള്‍ ബുക്ക് ചെയ്തിട്ടുണ്ട് കേരളത്തില്‍ നിന്ന്. അതെല്ലാം നിറയാന്‍ ആളുവേണ്ടേ… ഡല്‍ഹിയിലും മസൂറിയും കാണണ്ടവരൊക്കെ പോന്നോളാന്‍ പറഞ്ഞു. അടുത്ത മിക്ക ബോഗികളിലും ഞങ്ങളാ…”

“എന്‍.സി.പി. ഇത്ര ആളില്ലാത്ത പാര്‍ട്ടിയാണോ വാസ്തവത്തില്‍….” ഞാന്‍ ആത്മഗതം ചെയ്തു.

തൊട്ടടുത്ത കമ്പാര്‍ട്ട്മെന്റില്‍ പാര്‍ട്ടിയുടെ മലബാറിലെ മുതിര്‍ന്ന നേതാവുണ്ടായിരുന്നു. ദോഷം പറയരുതല്ലോ…… പുതുതായി കിട്ടിയ ടൂറിസ്റ്റണികള്‍ക്കൊപ്പം സ്ളീപ്പറിലായിരുന്നു മുന്‍ എം.എല്‍.എ.യും മന്ത്രിയുമായിരുന്ന നേതാവിന്റെ യാത്ര. പവാറിന്റേയും പ്രഫുല്‍ പട്ടേലിന്റേയും ലാളിത്യത്തിന് ചേര്‍ന്നവനല്ല.

എ.സി.കമ്പാര്‍ട്ട്മെന്റിലെ വിരസതയില്‍ നിന്ന് ഞാന്‍ സ്ളീപ്പറിലെ എന്‍.സി.പി. ടൂറിസ്റ്റ് സംഘത്തിനടുത്തേക്ക് ഇടയ്ക്കിടെ ഓടിയെത്തി. അവരുടെ തമാശകളും പാട്ടും ചിരിയും ഡല്‍ഹി യാത്രയെ ആനന്ദകരമാക്കി.

വലിയൊരു സാമൂഹിക വിപ്ളവമായിരുന്നു ആ ഡെറാഡൂണ്‍ വിനോദയാത്രയെന്ന് വൈകാതെ എനിക്ക് മനസ്സിലായി. അടുക്കളയെന്ന മഹാനരഗത്തില്‍ കരിയും പുകയുമായി മല്ലിട്ട് പുറം ലോകം കാണാതെ കഴിഞ്ഞിരുന്ന നിരവധി വീട്ടമ്മമാര്‍ ആ യാത്രയുടെ ഭാഗമായിരുന്നു. അതുവരെ കോഴിക്കോട് നഗരം പോലും ശരിക്ക് കണ്ടിട്ടില്ലാത്തവര്‍. ആദ്യമായി തീവണ്ടിയില്‍ കയറുന്നവര്‍ പോലുമുണ്ട്. ശരത്പവാറെന്ന ദൈവം കനിഞ്ഞരുളിയ ടിക്കറ്റില്‍ അവര്‍ ഇന്ത്യയെ കണ്ടെത്തുന്ന പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, കരിങ്കല്‍ തൊഴിലാളികള്‍ ചെറുകിട കരാര്‍ ജോലിക്കാര്‍ എന്നിങ്ങനെ ആയുസ്സില്‍ ഒരിക്കലും ഡല്‍ഹി കാണുമെന്ന് നിനയ്ക്കാത്ത കുറേയധികമാളുകള്‍.

വീട്ടമ്മമാര്‍ ബുദ്ധിമതികളായിരുന്നു. മൂന്നു നാളത്തെ യാത്രയില്‍ കേടാകാത്തവിധം വെളിച്ചണ്ണയില്‍ മൂപ്പിച്ച ചോറ്, കപ്പ, ചേമ്പ്, കാച്ചില്‍, പലഹാരങ്ങള്‍ എല്ലാം അവര്‍ കരുതിയിരുന്നു. വലിയ പൊതികള്‍ തുറന്ന് അവര്‍ ഭക്ഷണസാധനങ്ങളെടുത്ത് കൂട്ടത്തിലുള്ളവരും ട്രയിനിലുള്ള സാധാ യാത്രക്കാരുമടക്കം എല്ലാവര്‍ക്കും പകുത്തു നല്‍കി. കൂട്ടത്തില്‍ ഞാനും സന്തുഷ്ടനായി.

നിസാമുദ്ദീനില്‍ ട്രയിനിറങ്ങി അവര്‍ ആവേശത്തോടെ പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ പഴയ ദില്ലി സ്റ്റേഷനില്‍ ഡെറാഡൂണ്‍ ട്രയിന്‍ പിടിക്കാന്‍ യാത്രയായ രംഗം ഇപ്പോഴും മനസ്സിലുണ്ട്. ഡെറാഡൂണ്‍ സമ്മേളനം അവരെ എന്‍.സി.പി. രാഷ്ട്രീയത്തില്‍ ആണിയടിച്ചുറപ്പിച്ചോ എന്നോ ശരത് പവാര്‍ – പ്രഫൂല്‍ പട്ടേല്‍ ഷണ്‍മുഖദാസ് – പീതാംബരന്‍ മാസ്റ്റര്‍ സംവിധാനത്തിന്റെ വീര പോരാളികളാക്കിയോ എന്നറിയില്ല. എന്തായാലും യാത്ര കെങ്കേമമായിരുന്നു എന്ന് അധ്യാപക സുഹൃത്ത് പിന്നീട് പറഞ്ഞു. കെ. മുരളീധരന്‍ എന്‍.സി.പി. യില്‍ കടന്ന് വരുന്നതിനും അതു വഴിയായി. പാര്‍ട്ടി ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കുന്നതിനും തൊട്ടുമുമ്പായിരുന്നു ഡെറാഡൂണ്‍ സമ്മേളനം.

അന്ന് വരെ എന്റെ വിചാരം കേരളത്തിലെ എന്‍.സി.പി. യെന്നാല്‍ ചുരുങ്ങിയത് വടക്ക് ബാലുശ്ശേരി മുതല്‍ തെക്ക് ബാലുശ്ശേരി വരേയും പടിഞ്ഞാറ് ബാലുശ്ശേരി മുതല്‍ കിഴക്ക് ബാലുശ്ശേരി വരെയെങ്കിലും നീണ്ടുകിടക്കുന്ന ഒരു പ്രസ്ഥാനമാണെന്നായിരുന്നു. അവിടുന്ന് പ്രതിനിധികളെ കൊണ്ടുവന്നാല്‍ മൂന്നാല് ട്രയിന്‍ ഫുള്‍ നിറയ്ക്കാനുണ്ടാകും. ബന്ധമില്ലാത്ത കുറേ വിനോദ സഞ്ചാരികളെ പാര്‍ട്ടി സെറാസൂണില്‍ കൊണ്ടു പോയത്. രാഷ്ട്രീയമെന്ന് കേട്ടാല്‍ തലകറകക്കം വരുന്നവരായിരുന്നു അവരിലേറെയും.

ഈര്‍ക്കിലി പാര്‍ട്ടികളുടെ താഴെ തട്ടിലുള്ള പോരാട്ടത്തെപ്പറ്റി സ്വയം സംസാരിക്കുന്ന ഒരു രേഖയായിരുന്നു എനിക്ക് ആ മംഗളം എക്സ്പ്രസ് യാത്ര.

മറ്റൊരു വട്ടംകൂടി എന്‍.സി. പി കേരളത്തില്‍ മാത്രം എല്‍.ഡി.എഫിന്റെ ഭാഗമാവുകയാണ്. പഴയ വിനോദ സഞ്ചാരികളുടെ കാവല്‍ പിതാവായ മുന്‍ എം.എല്‍.എ തന്നെയാണ് സഖ്യത്തില്‍ പ്രവേശിക്കുന്ന എന്‍.സി.പി യുടെ ധീരനായകന്‍.

ഇതിനിടയില്‍ കുറേ അണികളേയും കൊണ്ടു കടന്നു വന്ന കെ.മുരളീധരന്‍ അവരേയും കൂട്ടി വന്ന വഴിയേ പോയി. എന്‍.സി.പി.യുടെ ശക്തി പഴയ ട്രയിന്‍ യാത്രയുടെ നിലവാരത്തില്‍ നില്ക്കുന്നു. കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആ ശക്തിയുടെ ബലത്തില്‍ എല്‍.ഡി.എഫ് നെ വിജയിപ്പിച്ചെടുക്കാന്‍ സഖാവ് പിണറായി വിജയനെ ശരദ് പവാര്‍ മുത്തപ്പന്‍ സഹായിക്കട്ടെ.

3 Responses to “എന്‍.സി.പി. സമ്മേളന വിനോദയാത്ര.”

  1. Praveen Kumar says:
    July 15th, 2010 at 6:52 am

    Gambheeram ! ithu thanada NCP !

  2. Raj Kumar says:
    July 15th, 2010 at 7:33 am

    Interesting story; Style of narration is attractive.

  3. Jiji Thomas says:
    July 16th, 2010 at 9:38 am

    ithe nammade thomas chandy deal aannu..

Post Your Comment